അറിയുന്നു രാധേ
നിന്നയെൻ ഹൃദയ തന്ത്രിതൻ താളമായ് ,
എന്നോമൽ സ്വപ്നങ്ങളായ്
നടനം കഴിഞ്ഞു ഒരു തലോടലായ്
നിന്നെ തിരഞ്ഞു
നിറകണ്ണുകളോടെ തളർന്നു .
എന്റെ വിരഹം
നിന്നെക്കുറിച്ചു പറയാതുരുകി .
എന്റെ ചേലകൾ ഭംഗിയിൽ
ആടികുഴഞ്ഞതും നിർത്താതെ
ആടിയുലഞ്ഞതും രാധേ ...
നിന്റെ ചുടുചുംബനം മാത്രം
കരുതി ,അറിയാതെ നീ പോയി.
കല്പമാം നോവിന്റെ കഠിനമാം
കാരണം രാധേ ,നീ മാത്രമായിരുന്നു.
മധുരയ്ക്ക് പോയതു ദുരവസ്ഥ
കല്പിത വിധിയുടെ അനുതാളമൊന്നിൽ
ഉരുകി ഒരുനോക്കുകാണുവാൻ
തിരയവേ ..അകലെ മാറി ഒളിച്ചുനിന്നതും
എൻ രഥചക്രമറിയാതെ നിൻ മുൻപിൽ നിശ്ചലം
നിന്നിട്ടും അരികെ വരാതെ അകലേക്ക് മറഞ്ഞതും.
ഞാൻ കണ്ണനറിയാതെ നീ ഒന്നും
ഓമനിച്ചില്ല ,മൂടിവച്ചില്ല .
നിഴൽ പോലെ ...നിശ്വാസമായ് ..
നിന്നെ പുണർന്നൊരായിരം മാരുതി കൈകളാൽ
വാരിയെടുത്തോമനിച്ചതും രാധേ
നീയറിയാതെ പോയി.
ഒരായിരം ഗോപികൾ മധു മധുരം
ചുണ്ടിൽ നിറയ്ക്കുവാൻ കൊതി പൂണ്ടു
നില്കുമാ ഗോകുലവാതിലിൻ
അകത്തളങ്ങളിൽ നിറകണ്ണുമായ്
തകരുന്ന പ്രണയമോഹങ്ങളിൽ
ഞാൻ കണ്ണൻ അറിയാതെ നിസ്സംഗനായി
നിൽക്കുമ്പോഴും
എന്റെ ചിരിയുടെ പൊരുൾ നിന്റെ
പ്രണയതാപമതിലുരുകി
ഞാനിപ്പോഴും നില്കുന്നു .
രാധേ ....
നീയാണെൻ പ്രണയം .നീ മാത്രം..
മറ്റെല്ലാം കാലമൊരുക്കുന്ന നാടക തിരശീല
വീഴുമ്പോൾ മറയുന്ന നാട്യം.
രാധേ ..അറിയാതെ പോയത് നീ മാത്രം .
എന്റെ പ്രണയക്കടലിന്റെയാഴം .
നിന്റെ നെടുവീർപ്പുകളിൽ
അടർന്നു വീണൊരാ മിഴിപ്പൂക്കളിൽ നനഞ്ഞു
നിനവിൽ നിറവിൽ നിന്നെ മാത്രം നിനച്ചു
വീണ്ടുമീ ജന്മം വിടര്‍ന്നു .
കാലമൊരുക്കിയ തെറ്റുകൾ തിരുത്തുവാൻ
കാലമേറെ കഴിഞ്ഞിട്ടും .
ഇനി ബാക്കി നൽകാനൊരു ദൂതില്ല .
സഖി നിൻ പ്രണയം ..എനിക്കുള്ള ദാഹം.
നിന്റെ ചടുലമാം മോഹങ്ങൾ
സ്വാർത്ഥമാം കല്പന...
വരിക ..ദയയോടെ പ്രണയമോടെ
ചേർന്നുറങ്ങുക ..നടനം കഴിഞ്ഞു
തളർന്നൊരീ നെഞ്ചിന്റെ ചൂടേറ്റുണരുക
ഇനിയുള്ള കാലം,
No comments:
Post a Comment